Movies
ബി ടൗൺ ബാദ്ഷാ ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കിംഗ്' ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. എക്സിൽ ആരാധകരുമായി നടത്തിയ ചാറ്റിംഗ് സെഷനിലാണ് സൂപ്പർതാരം ചിത്രത്തിന്റെ റിലീസ് തീയതി സ്ഥിരീകരിച്ചത്. ആഗോള റിലീസായി ക്രിസ്മസിനെത്തുന്ന ചിത്രം ആക്ഷനും വൈകാരികതയും നിറഞ്ഞ സിനിമാനുഭവമായിരിക്കുമെന്നു ഷാരൂഖ് ഉറപ്പുനൽകി.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുകോൺ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വൻ തരംഗമായി മാറിയിരുന്നു. കിംഗിന്റെ വരവിനായി വലിയ ആകാംക്ഷയോടെയാണ് ബോളിവുഡ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.
അതിനിടെ, അടുത്തിടെ പുറത്തിറങ്ങി വൻ വിജയം നേടിയ 'ധുരന്ധറി'നെ പ്രശംസിക്കാനും ഷാരൂഖ് മറന്നില്ല. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും ആദിത്യ ധറിന്റെ സംവിധാനവും അണിയറപ്രവർത്തകരുടെ പ്രകടനവും മികച്ചതായിരുന്നുവെന്നും എസ്ആർകെ പറഞ്ഞു.
Movies
ബോളിവുഡ് നടി അമീഷ പട്ടേലിന്റെ മുംബൈയിലുള്ള കുടുംബവീട്ടിൽ മോഷണം. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണു കവർന്നത്. സംഭവത്തിൽ വീട്ടുജോലിക്കാരി സീമ ഘാട്ടെയെ (40) മുംബൈ പൊലിസ് അറസ്റ്റ് ചെയ്തു. ചർച്ച് ഗേറ്റിലെ വീട്ടിലാണു മോഷണം. ഒന്നര വർഷമായി അമീഷയുടെ അമ്മ ആശ പട്ടേലിന്റെ വീട്ടിലെ ജോലിക്കാരിയാണു സീമ. നടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചതും പ്രതിയെ കസ്റ്റഡിയിലെടുത്തതും.
ജനുവരിയിലാണു വീട്ടിൽനിന്ന് ആഭരണം കാണാതായത്. വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്ന് ആശ വ്യക്തമാക്കിയിരുന്നു. മാസങ്ങളോളം നടിയുടെ അമ്മ ഇവരോടു മോഷണവിവരം ചോദിച്ചെങ്കിലും താൻ എടുത്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 15 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. കാണാതായ സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനും പ്രതിക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നു പരിശോധിക്കാനുമുള്ള ശ്രമത്തിലാണ് പൊലിസ്.
'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അമീഷ പട്ടേൽ 'ഗദർ: ഏക് പ്രേം കഥ', 'ഹംരാസ്', 'ഭൂൽ ഭുലയ്യ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ 'ഗദർ 2' വിലൂടെയാണ് അമീഷ വീണ്ടും വലിയ തിരിച്ചുവരവു നടത്തിയത്.
Movies
ഇതിഹാസ ഗായിക ആശ ഭോസ്ലെയ്ക്ക് ആദരവുമായി 'ഓം കാ ഹരി' അണിയറപ്രവർത്തകർ. ജന്മദിനത്തിൽ, ആ വാനന്പാടി ആലപിച്ച അവസാനത്തെ ചലച്ചിത്ര ഗാനം പുറത്തിറക്കിയിരിക്കുയാണ് 'ഓം കാ ഹരി'യുടെ സംവിധായകൻ ഹരീഷ് വ്യാസ്. ചിത്രത്തിലെ "ഏ മേരി സിന്ദഗി, തു ഛുപി ഹെ...' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഇതിഹാസ ഗായികയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ സന്തോഷവും അനുഭവങ്ങളും സംവിധായകൻ ഹരീഷ് വ്യാസ് പങ്കുവയ്ക്കുകയും ചെയ്തു.
റെക്കോർഡിംഗിനിടെ 'ഞാൻ നന്നായി പാടുന്നുണ്ടോ" എന്ന് അവർ തന്നോടു ചോദിച്ചപ്പോൾ, ആ മഹാപ്രതിഭയ്ക്കു മറുപടി കൊടുക്കാൻ തന്നിൽ വാക്കുകൾ പോലും ഉണ്ടായിരുന്നില്ലെന്ന് വ്യാസ് പറഞ്ഞു. അൻഷുമാൻ ഝാ, രഘുബീർ യാദവ്, സോണി റസ്ദാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രമാണ് 'ഓം കാ ഹരി'.
ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ ചിത്രത്തിലെ അഭിനേതാവായ രഘുബീർ യാദവ് തത്സമയം പാടുകയും ചെയ്തു. കുടുംബബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും.
Movies
ബോളിവുഡിൽ അമിതാഭ് ബച്ചന്റെ ബാല്യകാല വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടിയ, ഒരുകാലത്ത് 'ജൂനിയർ അമിതാഭ് ബച്ചൻ' എന്ന് അറിയപ്പെട്ടിരുന്ന ബാലതാരമായിരുന്നു മാസ്റ്റർ രവി എന്ന രവി വലേച്ച. ഒമ്പതു ഭാഷകളിലായി 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇന്ന് ചലച്ചിത്ര മേഖലയോടു വിടപറഞ്ഞ് പ്രമുഖ കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗം തലവനായി ജോലി ചെയ്യുകയാണ്.
നാലാം വയസിൽ അപ്രതീക്ഷിതമായാണ് രവി സിനിമയിലെത്തുന്നത്. ഒരു സിനിമയുടെ ലൊക്കേഷനിൽ ചേട്ടനൊപ്പം പോയ രവി, അബദ്ധത്തിൽ നടൻ ശശി കപൂറിന്റെ കസേരയിൽ जाकर ഇരുന്നു. കസേരയിൽനിന്ന് മാറാൻ വിസമ്മതിച്ച രവിയുടെ ആത്മവിശ്വാസം ഇഷ്ടപ്പെട്ട ശശി കപുർ, കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ സംവിധായകനോടു നിർദേശിക്കുകയായിരുന്നു. തുടർന്ന് 14 വർഷത്തോളം സിനിമയിൽ സജീവമായ രവി, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അക്കാലത്ത് പ്രതിദിനം 3,500 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന രവി, റീടേക്കുകളില്ലാതെ ഒറ്റ ടേക്കിൽ രംഗങ്ങൾ പൂർത്തിയാക്കുന്നതിലൂടെ നിർമാതാക്കളുടെയും സംവിധായകരുടെയും പ്രിയങ്കരനായി മാറി.
എന്നാൽ, ചെറുപ്പകാലത്തെ കഠിനാധ്വാനം കാരണം തനിക്ക് കുട്ടിക്കാലവും കൗമാരവും നഷ്ടമായെന്ന് രവി ഓർക്കുന്നു. പ്രശസ്ത സംവിധായകൻ മന്മൻ ദേശായിയുടെ മരണത്തെത്തുടർന്ന് നായകനായി അരങ്ങേറ്റം കുറിക്കാനുള്ള അവസരം നഷ്ടമായതോടെയാണ് അദ്ദേഹം സിനിമാരംഗത്തുനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
പിന്നീട് കേറ്ററിംഗ് മേഖലയിൽ പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയ രവി, താജ് ഹോട്ടൽ ശൃംഖലയിൽ ഷെഫായും ഹോസ്പിറ്റാലിറ്റി മേഖലയിലും സേവനമനുഷ്ഠിച്ചു. നിലവിൽ കോർപ്പറേറ്റ് ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അദ്ദേഹം, സാമ്പത്തിക ശേഷിയില്ലാത്തവർക്കായി കുറഞ്ഞ ചെലവിൽ അഭിനയം പഠിപ്പിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അതോടൊപ്പം പൈലറ്റാവുക എന്ന തന്റെ പഴയ സ്വപ്നം സാക്ഷാത്കരിക്കാനായി ബോംബെ ഫ്ലയിംഗ് ക്ലബ്ബിൽ പഠനത്തിനു ചേരാനും രവി തയാറെടുക്കുന്നു.
Movies
അഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസറാകാൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബിഗ് ബി അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി 18-ന്റെ പുതിയ എപ്പിസോഡിൽ മത്സരാർഥിയായ പ്രഗതി കൽപേക്കറുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഓർമകൾ പങ്കുവച്ചത്.
ഐഎഫ്എസ് ഓഫീസറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മത്സരാർഥി പറഞ്ഞപ്പോഴാണ് ബിഗ് ബി തന്റെ മനസിലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐഎഫ്എസ് നല്ല മേഖലയാണെന്നും എന്നാൽ അന്നു തനിക്ക് അതിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കോളജ് കാലത്തെയും പരീക്ഷാത്തോൽവിയെയും കുറിച്ചുള്ള രസകരമായ അനുഭവവും ബച്ചൻ പങ്കുവച്ചു. ബിരുദം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പിതാവ് ഹരിവംശറായ് ബച്ചൻ എപ്പോഴും പറയുമായിരുന്നു. സയൻസ് വിഷയമെടുത്ത തനിക്ക് ആദ്യത്തെ ലക്ചറിൽ തന്നെ വിഷയം മാറാൻ തോന്നിയെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു.
Movies
ബോളിവുഡ് സൂപ്പർതാരം ആലിയ ഭട്ട് നിർമിക്കുന്ന പുതിയ ചിത്രം ഡോണ്ട് ബി ഷൈയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 25-ന് പ്രൈം വീഡിയോയിലൂടെ ആഗോളതലത്തിൽ സ്ട്രീമിംഗ് ആരംഭിക്കും. യേ ജവാനി ഹേ ദീവാനി, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ച ശ്രീതി മുഖർജിയാണ് റൊമാന്റിക് കോമഡി ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
ആലിയ ഭട്ടും സഹോദരി ഷഹീൻ ഭട്ടും ചേർന്നുള്ള എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗ്രീഷ്മ ഷാ, വികേഷ് ഭൂട്ടാനി എന്നിവർ സഹനിർമാതാക്കളാകും. ആരുഷി ബജാജ്, അൻഷ് ദുഗൽ, ബിയാങ്ക അറോറ, പിയൂഷ് ഖാതി എന്നീ പുതുമുഖങ്ങളാണു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കുനാൽ റോയ് കപുർ, അനുരാഗ് ബസു, നേഹ ധൂപിയ, അഞ്ചു അൽവ നായിക് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
യൗവനകാലത്തെ പ്രണയം, സൗഹൃദം, ഹൃദയവേദനകൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം പ്രമേയമാക്കുന്ന ചിത്രമാണിത്. ഡാർലിംഗ്സ്, പോച്ചർ, ജിഗ്ര എന്നീ ചിത്രങ്ങൾക്കു ശേഷം എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ആലിയയും ഷഹീനും പ്രതികരിച്ചു. ഹിന്ദിയിലൊരുങ്ങുന്ന ചിത്രം ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ 240-ലധികം രാജ്യങ്ങളിൽ ലഭ്യമാകും.
Movies
ബി ടൗൺ സൂപ്പർതാരം രൺബീർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം അനിമലിന്റെ രണ്ടാം ഭാഗമായ അനിമൽ പാർക്കിന്റെ പുതിയ വിവരങ്ങൾ പങ്കുവച്ച് നിർമാതാവ് പ്രണയ് റെഡ്ഡി വംഗ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചത്.
പ്രഭാസിനെ നായകനാക്കി സന്ദീപ് ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിനുശേഷമായിരിക്കും അനിമൽ പാർക്കിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നും പ്രണയ് പറഞ്ഞു. സ്പിരിറ്റ് പൂർത്തിയായ ശേഷം ഏകദേശം ആറു മാസത്തെ ഇടവേളയെടുക്കും. അതിനുശേഷമേ അനിമൽ പാർക്കിന്റെ പണിപ്പുരയിലേക്കു കടക്കൂ. സന്ദീപിന്റെ രചനാശൈലി വളരെ സാവധാനത്തിലായതിനാൽ ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയതി ഇപ്പോൾ പറയാൻ കഴിയില്ലെന്നും പ്രണയ് കൂട്ടിച്ചേർത്തു.
അതേസമയം, പ്രഭാസ് ചിത്രം സ്പിരിറ്റിൽനിന്ന് നടി ദീപിക പദുകോൺ പിന്മാറിയതിനെക്കുറിച്ചും പ്രണയ് അഭിമുഖത്തിൽ പ്രതികരിച്ചു. പ്രതിഫലത്തെക്കുറിച്ചും ചിത്രീകരണ സമയത്തെക്കുറിച്ചുമുള്ള അഭിപ്രായവ്യത്യാസങ്ങളാണു പിന്മാറ്റത്തിനു പിന്നിലെ പ്രധാന കാരണങ്ങളെന്ന് പ്രണയ് വ്യക്തമാക്കി.
Movies
ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ തിയറ്ററുകൾക്കു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വൻനിരതന്നെ എത്തുന്നു. തമിഴ്, ഹിന്ദി ഭാഷകളിലെ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ജനനായകൻ
തമിഴകത്തിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജനനായകൻ. വിജയ്യുടെ കരിയറിലെ അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ5 (ZEE5) വഴിയാണ് സ്ട്രീം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജൂലൈ 23-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.
വെൽക്കം ടു ദി ജംഗിൾ
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അർഷാദ് വാർസി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് കോമഡി-ആക്ഷൻ ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില വ്യക്തികൾ ഒരു കാടിന്റെ ശാന്തത തകർക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിയോഹോട്ട്സ്റ്റാറിലൂടെ (JioHotstar) ചിത്രം കാണാം.
പ്യാർ പ്രേമ കല്യാണം
ഇളൻ, സാൻവി മേഘ്ന എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് പ്യാർ പ്രേമ കല്യാണം. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസം തുടങ്ങുന്ന നവദമ്പതികൾ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളും സാംസ്കാരിക വൈരുധ്യങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഡാർക്ക്
രഹസ്യങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും നിറഞ്ഞ തമിഴ് സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഡാർക്ക് ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയത്. ചില സത്യങ്ങൾ അപ്രതീക്ഷിതമായി പുറത്തുവരുമ്പോൾ കഥാപാത്രങ്ങൾ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെയും ഭയത്തെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
ചെന്നൈ ലൗ സ്റ്റോറി
ശ്രീ ഗൗരി പ്രിയ റെഡ്ഡി, കിരൺ അബ്ബവരം, ആദിത് അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ചെന്നൈ ലൗ സ്റ്റോറി. ആദ്യ പ്രണയത്തിന്റെ തകർച്ചയും, അത് എങ്ങനെ കൂടുതൽ അർഥവത്തായ മറ്റൊരു ബന്ധത്തിലേക്ക് വഴിതുറക്കുന്നുവെന്നും ചിത്രം സംസാരിക്കുന്നു. സോണിലിവിലൂടെ (SonyLIV) ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാം.
ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ
ജാക്കി ഷ്രോഫ്, പ്രതീക ബബ്ബർ, ഭാഗ്യശ്രീ എന്നിവർ അഭിനയിച്ച ഫാന്റസി കോമഡി ചിത്രമാണ് ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ. അന്യഗ്രഹജീവികളുടെ ആക്രമണത്തിൽനിന്നു ലോകത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കഴിവുകളുള്ള ആളാണ് തന്റെ മുത്തശൻ എന്നു വിശ്വസിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രം സീ5-ൽ ലഭ്യമാണ്.
Movies
ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.
ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്റ് ബോക്സിൽ എത്തുന്നുണ്ട്.
1999-ലായിരുന്നു അജയ് ദേവ്ഗണിന്റെയും കജോളിന്റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.
1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
Movies
ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാങ്കേതികവിദ്യയുടെ വളർച്ച സിനിമയ്ക്കും കലാകാരന്മാർക്കും ഗുണകരമാകുന്പോൾതന്നെ ഭീഷണിയായും മാറുകയാണ്. അടുത്തകാലത്തായി ബോളിവുഡ് താരങ്ങളെയും ചലച്ചിത്രലോകത്തെ പ്രമുഖരെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോയും ചിത്രങ്ങളും നിർമിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് താരം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. തന്റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മൃണാൾ ഓർമിപ്പിച്ചു. നിലവിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും, ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും താരം തുറന്നടിച്ചു.
മൃണാൾ ഠാക്കൂർ മാത്രമല്ല, അടുത്തകാലത്തായി രശ്മിക മന്ദാന, കത്രീന കൈഫ്, രൺവീർ സിംഗ്, ആലിയ ഭട്ട് തുടങ്ങിയ നിരവധി മുൻനിര താരങ്ങളും ഇത്തരം ഡിജിറ്റൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. മുൻപ് രശ്മികയുടെ വ്യാജ വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചപ്പോൾ, സിനിമ മേഖലയിലെ നിരവധി പ്രമുഖർ ഇതിനെതിരേ ശബ്ദമുയർത്തിയിരുന്നു. താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായും, തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ആയുധമായും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് താരങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Movies
ലോകത്തെ മുൾമുനയിൽ നിർത്തിയ ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ ദുരന്തവും രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്. സിൽക്യാര 41 എന്നു പേരിട്ടിരിക്കുന്ന വമ്പൻ ചിത്രം ബി ടൗൺ ബാദുഷ ആമിർ ഖാന്റെ നേതൃത്വത്തിലാണ് ഒരുങ്ങുന്നത്. ബജ്രംഗി ഭായ്ജാൻ, 83 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച കബീർ ഖാൻ ആണ് സംവിധായകൻ. ആമിർ ഖാൻ പ്രൊഡക്ഷൻസ്, മൈൻഡ് ബ്ലോയിംഗ് ഫിലിംസ് ഓസ്ട്രേലിയ, കബീർ ഖാൻ ഫിലിംസ് എന്നിവർ സംയുക്തമായാണു ചിത്രം നിർമിക്കുന്നത്.
2023 നവംബറിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന സിൽക്യാര-ബാർകോട്ട് ടണൽ തകർന്ന് രണ്ടാഴ്ചയിലധികം ഉള്ളിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ വിവിധ ഏജൻസികൾ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണു ചിത്രത്തിന്റെ പ്രമേയം. അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ഓസ്ട്രേലിയൻ വിദഗ്ധൻ അർനോൾഡ് ഡിക്സിന്റെ നിർണായക പങ്കും ചിത്രത്തിൽ പ്രാധാന്യത്തോടെ ദൃശ്യവത്കരിക്കും.
ദി വാട്ടർ ഡിവൈനർ (2014) എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ തിരക്കഥാകൃത്ത് ആൻഡ്രൂ അനസ്റ്റാസിയോസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ ചരിത്രദിനത്തിൽ ചിത്രം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ആമിർ ഖാൻ വ്യക്തമാക്കി. പ്രതിസന്ധികൾക്കു മുന്നിൽ മനുഷ്യന്റെ നിശ്ചയദാർഢ്യവും അതിജീവനവും തെളിയിച്ച സംഭവം വെള്ളിത്തിരയിൽ വരേണ്ടത് അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും ഹൃദയസ്പർശിയായ ഒരു മനുഷ്യകഥയാണ് ഇതെന്നും, ജീവനുവേണ്ടി പോരാടിയവരുടെ ആശങ്കകളും അവരുടെ കുടുംബങ്ങളുടെ കാത്തിരിപ്പും ഒപ്പം ഒരു ലക്ഷ്യത്തിനായി ഒന്നിച്ച മനുഷ്യരുടെ പ്രയ്തനവും അഭ്രപാളിയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു സംവിധായകൻ പറഞ്ഞു.
അതേസമയം, സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന, ബട്വാര 1947 എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് ആമിർ ഖാന്റെ നിർമാണക്കന്പനി. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഓഗസ്റ്റ് 13-ന് തിയേറ്ററുകളിൽ എത്തും. ഇതിനുശേഷമാകും സിൽക്യാര 41 -ന്റെ ചിത്രീകരണം ആരംഭിക്കുക.
Movies
തെന്നിന്ത്യയെ ആവേശത്തിലാഴ്ത്തി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തകർത്തഭിനയിച്ച ഗാട്ടാ ഗുസ്തി 2 തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസത്തിനുള്ളിൽ തന്നെ 19 കോടിയിലധികം രൂപ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ വിറപ്പിക്കുന്ന ഈ സ്പോർട്സ് കോമഡി ചിത്രത്തിന് ഇപ്പോൾ ബോളിവുഡിൽനിന്നും വലിയൊരു അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗംഭീര വിജയത്തിൽ തനിക്കുള്ള വലിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ സ്വന്തം മിസ്റ്റർ പെർഫെക്റ്റ് ആമിർ ഖാൻ!
തെന്നിന്ത്യൻ സിനിമകൾ ഇപ്പോൾ പ്രേക്ഷകർക്കു സമ്മാനിക്കുന്ന ദൃശ്യവിരുന്നിനെയും അതിന്റെ ഉള്ളടക്കത്തെയും ആമിർ ഖാൻ ഏറെ പ്രശംസിച്ചു. സാധാരണക്കാരായ പ്രേക്ഷകരെയും കുടുംബങ്ങളെയും ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന മികച്ച കോമഡിയും വൈകാരിക നിമിഷങ്ങളും ഗാട്ട ഗുസ്തി 2 - ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു.
വിഷ്ണു വിശാലിന്റെ മുൻ ചിത്രങ്ങളായ രാക്ഷസൻ, ഗാട്ട ഗുസ്തി (ആദ്യ ഭാഗം) എന്നിവയ്ക്കും ഉത്തരേന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാഗവും ബോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ചെല്ല അയ്യാവു ആണ് ചിത്രത്തിന്റെ സംവിധായകൻ. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടുന്നതിനൊപ്പം ആമിർ ഖാനെപ്പോലൊരു ഇതിഹാസതാരത്തിന്റെ അഭിനന്ദനം കൂടി സ്വന്തമാക്കാൻ കഴിഞ്ഞത് ഗാട്ട ഗുസ്തി 2 ടീമിന് ഇരട്ടി മധുരമാണു നൽകിയിരിക്കുന്നത്.
Movies
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിന്റെ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ "ധുരന്ധർ'-ന്റെ ട്രെയിലർ തരംഗമാകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിൽ. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ വൻ തരംഗമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ടീം "ധുരന്ധർ', ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരുടെ പോസ്റ്ററുകൾ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. പോസ്റ്ററുകൾക്കു പിന്നാലെ ഇന്നു റിലീസ് ചെയ്ത ട്രെയിലറും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്.
നാലു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ "ധുരന്ധർ'-റിലേക്കുള്ള നേർക്കാഴ്ചയാണ്. ഓരോ കഥാപാത്രത്തിന്റെയും ഉൾവശംകൂടി വെളിപ്പെടുത്തുന്നതാണ് ട്രെയിലർ. അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് "ധുരന്ധർ'. പാകിസ്ഥാൻ ഭീകരതയും അതു തകർക്കാനുള്ള ഇന്ത്യയുടെ ഉറച്ച ശ്രമങ്ങളും അതിർത്തി കടന്നുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ് "ധുരന്ധർ' ഒരുക്കിയിരിക്കുന്നത്.
ഒരു തടവുകാരനെ പീഡിപ്പിക്കുന്ന അർജുന്റെ കഥാപാത്രത്തിന്റെ ഭയാനകമായ രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പാകിസ്ഥാൻ ഏകാധിപതി മുഹമ്മദ് സിയാ ഉൾ ഹഖ്, ഇന്ത്യയെ ആയിരം മുറിവുകളാൽ ചോര വീഴ്ത്താനുള്ള ലക്ഷ്യമാണ് വിഷയം. അർജുൻ രാംപാലിന്റെയും അക്ഷയ് ഖന്നയുടെയും ശക്തമായ പെർഫോമൻസ് ട്രെയിലർ കാണാം. ട്രെയിലർ അക്രമാസക്തമാണ്. കൂടാതെ വെടിവയ്പ്, സ്ഫോടനങ്ങൾ, വൻനാശം എന്നിവ ഉൾക്കൊള്ളുന്ന ആക്ഷൻ-പായ്ക്ക് സീക്വൻസുകൾ നിറഞ്ഞതാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ 2025 ലെ ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ്. കഥ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസി റോളൗട്ടിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് "ധുരന്ധർ'.